Thursday, April 21, 2011

kolathNADAN

                 ഇത്തിരി മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കാനുണ്ട് .കേള്‍ക്കാന്‍ ആളെ കിട്ടുമോ?
                 കുറെ കാലമായി മനസ്സില്‍ വിചാരിക്കുന്നു .എല്ലാം ഒന്നെടുത്തു പുറത്തു വെക്കണം എന്ന്.ഇപ്പൊ അതിനുള്ള സമയായീന്ന് തോന്നുന്നു. ഇവിടെ എഴുന്നള്ളിക്കുന്ന ഓരോ മണ്ടത്തരങ്ങളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം എനിക്കായിരിക്കും.നാളെ അതെല്ലാം നിങ്ങളെ  വല്ലാതെ മുഷിപ്പിക്കുന്നുവെങ്കില്‍  നിങ്ങള്‍ എന്നെ മാത്രം ചീത്ത വിളിക്കുക.ഇതില്‍ നിന്നും എന്തെങ്കിലും ഒന്ന്  നിങ്ങള്‍ക്ക്‌ കിട്ടുന്നുവെങ്കില്‍ ,അത് എന്‍റെ  ഗുരുക്കന്മാരും മുന്ഗാമികളും എനിക്ക് പകര്‍ന്നു തന്നതില്‍ അവശേഷിച്ച ഇത്തിരി നന്മകളാണെന്നു കരുതുക.അതിനുള്ള നമസ്ക്കാരം അവര്‍ക്ക് കൊടുക്കുക.








 ധൈര്യമുണ്ടോ ..
പത്താം ക്ലാസ്സുകാരനായ നിങ്ങളുടെ മകന്
സ്നേഹപൂര്‍വ്വം നിങ്ങള്‍ സമ്മാനിച്ച
മൊബൈലിന്‍റെ  ഫോള്‍ഡറിലൂടെ സഞ്ചരിക്കാന്‍ 
ധൈര്യമുണ്ടോ ?

ധൈര്യമുണ്ടോ..
കോളെജിലേക്ക്  പറഞ്ഞയച്ച നിങ്ങളുടെ മകളുടെ പാഠപുസ്തകത്തിനപ്പുറത്തുള്ള ലോകത്തേക്ക് കണ്ണ് പൊത്താതെ സഞ്ചരിക്കാന്‍ ധൈര്യമുണ്ടോ?

ധൈര്യമുണ്ടോ..
പ്രായപൂര്‍ത്തിയാകാത്ത നിങ്ങളുടെ കുഞ്ഞുമോളെ അയല്‍പക്കത്തെ ഏട്ടന്‍റെ   ബൈക്കില്‍ 
മാര്‍ക്കറ്റു വരെയെങ്കിലും പറഞ്ഞയക്കാന്‍
ധൈര്യമുണ്ടോ?

പ്രവാസത്തിന്‍റെ   ഏകാന്തത വരിഞ്ഞു മുറുക്കിയ
പ്രിയമയിയായ നിങ്ങളുടെ ഭാര്യയുടെ കിടപ്പറയില്‍ 
അവള്‍ അറിയാതെ ഒളിഞ്ഞു നോക്കാന്‍ 
ധൈര്യമുണ്ടോ?












പ്രണയം 

ഓര്‍മ്മ  


ഓര്‍മകളുടെ ശവപ്പറമ്പില്‍  കുഴിച്ചു മൂടിയ പ്രിയ നൊമ്പരത്തെ
ഇത്തിരി കണ്ണീരിന്‍റെ  നനവുചേര്‍ത്തു മാന്തി പുറത്തെടുത്തു
ദ്രവിച്ചു തുടങ്ങിയ ഒരെല്ലിന്‍  കഷണം എടുത്തുയര്‍ത്തി നോക്കി
ജീവനുണ്ടോ എന്നറിയാന്‍  









കണ്ണുനീര്‍


എന്‍റെ  കണ്ണുനീര്‍ തുള്ളികള്‍  കുമ്പിളില്‍ കോരി
അവള്‍ നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ കരുതി
എന്‍റെ  കിനാവിലെ ചെമ്പക മൊട്ടുകള്‍  
നാളെ നിലാവുദിക്കും നേരത്ത് പൂവായി വിടരുമെന്ന്
എന്നാല്‍ ഒരു ശാസ്ത്ര വിദ്യാര്‍ഥിയുടെ കൌതുകത്തോടെ ,
അറവുകാരന്‍റെ  ഹൃദയശൂന്യതയോടെ 
അവള്‍ ഓരോ തുള്ളിയായി കീറിമുറിച്ചു 
അതുകണ്ട് എന്‍റെ  കണ്ണുകള്‍ വീടും ആര്‍ദ്രമായി
ഞാന്‍ അതിനെ താഴേക്കു വീഴ്ത്താതെ കണ്ണില്‍  കെട്ടിനിര്‍ത്തി 
ആരും കാണാതെ..
ഇനിയുമാരും   കൊണ്ടുപോകാതിരിക്കാന്‍















ഡത്ത് വില്‍ കം സൂണ്‍
പരാജയത്തിന്‍റെ  ഓരോ പടവുകള്‍ താണ്ടുമ്പോഴും 
ഞാന്‍ അറിയുന്നുണ്ടായിരുന്നു
പിറകില്‍ നീയുണ്ടായിരുന്നെന്ന്
ഏകാന്തത വരിഞ്ഞു മുറുക്കിയ പകലില്‍
ഊഞ്ഞാല് കെട്ടിയ മാവിന്‍റെ  ചോട്ടില്‍ 
കരിയിലകളെ പറത്തി വന്ന കാറ്റുമത് പറഞ്ഞപ്പോള്‍
എനിക്കുറപ്പായി

പാതി പറഞ്ഞ വാക്കുകളില്‍
അവളൊളിപ്പിച്ച പ്രണയം 
എന്നെക്കുറിച്ചായിരുന്നില്ലെന്നറിഞ്ഞ നാള്‍ 
നീയെന്‍റെ  പടിവാതിലോളം വന്നു തിരിച്ചു പോയത് 
വേദനയോടെ ഞാന്‍ ഇന്ന് ഓര്‍ക്കുന്നു 
പണ്ട്
കാലന്‍ കോഴികള്‍ കൂവിയ രാത്രികളില്‍
അമ്മയുടെ മടിയില്‍ തലചായ്ച്ച്‌
പാതി മയക്കത്തില്‍ കേട്ട കഥകളിലായിരുന്നു 
നിന്നെ ഞാന്‍  ആദ്യമറിഞ്ഞത്  

ഇന്നലെ വീണ്ടും  പാതി മയക്കത്തില്‍
ടി വി സീരിയലിനിടയിലെ പരസ്യത്തില്‍ 
അച്ഛനും അമ്മയും വേദനയോടെ പിറുപിറുത്തു 
നമുക്കൊരു മകനുണ്ടായിരുന്നെങ്കില്‍ 

മയക്കത്തിന്‍റെ  ആലസ്യം കൊണ്ടോ
നിന്നെ പുല്‍കാനുള്ള ഭയം കൊണ്ടോ എന്നറിയില്ല
ഞാന്‍
ഇടതു വശത്തെ അക്കങ്ങള്‍ സ്വപ്നം കണ്ട്‌
പുതപ്പിനുള്ളില്‍ പൂജ്യമായിതന്നെ ചുരുണ്ടുകൂടി










ചോദ്യങ്ങള്‍

വെറുതെ മലര്‍ന്നു കിടന്നപ്പോളാണ് 
ആകാശ നീലിമയ്ക്കാപ്പുറം  എന്താണെന്ന് ചിന്തിച്ചത് 
പെട്ടെന്നൊരു അശരീരി ഉണ്ടായി 
"മരണമടഞ്ഞവരുടെ താഴ്വര"  
എങ്കില്‍ അവിടെക്കുള്ള ദൂരമെത്രയാണ്?
"ചോദ്യത്തിനും ഉത്തരം മുട്ടലിനും ഇടയിലുള്ള ദൂരം മാത്രം" 
പിന്നെ കുറെ ചോദ്യങ്ങള്‍ ഇങ്ങോട്ടായി

പരീക്ഷാ ഫീസ്‌ അടക്കാത്തതെന്താണ് ?
കാര്‍ഷിക  ലോണ്‍ അടച്ചുതീര്‍ക്കാതതെന്താണ് ?
പണം കെട്ടിവെച്ചാല്‍ ജോലിതരാമെന്നു പറഞ്ഞിട്ടും
അത് ചെയ്യാത്തതെന്താണ്‌ ?

നെറികെട്ട ചോദ്യത്തിനുമുന്നില്‍
ഉത്തരം  നടുവൊടിച്ചു ചോദ്യചിന്നം പോലെ വളഞ്ഞുനിന്നു
 .പിന്നെ സഹികെട്ട്
കെട്ടിടത്തിന്‍റെ  മുകളില്‍ നിന്നും താഴേക്കു ചാടി നോക്കി,
വയലിന് തീയിട്ടു ,
തെരുവുതോറും  ഗതിയില്ലാതെ അലഞ്ഞു.
എന്നിട്ടും ഉത്തരം പൂര്‍ണ്ണമായതേഇല്ല.









തൊഴില്‍


അസ്വാതന്ത്ര്യത്തിന്‍റെ  ചങ്ങലക്കെട്ടുകള്‍ 
എന്നെ വരിഞ്ഞു വീര്‍പ്പു മുട്ടിക്കുമ്പോഴും
ആലസ്യത്തിന്‍റെ  തടവറകള്‍ എന്നെ മാടി വിളിക്കുന്നു 
വരൂ....  ഇവിടെ വിശ്രമിക്കാം..... 
നിന്‍റെ  സ്വാതന്ത്ര്യവും,
ജീവിതത്തിലെ വിലപ്പെട്ട സമയവും മാത്രം തന്നാല്‍ മതി 
പകരം
നിനക്ക് അര്‍ത്ഥമില്ലാത്ത മാന്യത തരാം
മൂല്യമില്ലാത്ത ബഹുമാനം തരാം
പിന്നെ കൊതികൂടാതിരിക്കാന്‍ മാത്രം
ഇത്തിരി ശമ്പളം  തരാം